വടക്കാഞ്ചേരി: വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന സമാന്തര പുഴപ്പാലത്തിന്റെ പൈലിംഗ് ആരംഭിച്ചു. വടക്കാഞ്ചേരി പുഴയ്ക്കുകുറുകെ പഴയ ഇരുമ്പുപാലത്തിനുപകരം വാഹനസഞ്ചാരയോഗ്യമായ പാലം നിർമിക്കുന്നതിന് 5.16 കോടി രൂപയാണ് അനുവദിച്ചത്. 26.5 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമാണം. ഏഴരമിറ്റർ കാരേജ് വേയും മൂന്നുമീറ്റർ നടപ്പാതയുമുണ്ടാകും.
ഇരുവശത്തും ഒന്നര മീറ്റർ വീതിയിലാണ് നടപ്പാത. ഓട്ടുപാറ ടൗണിൽ ജംഗ്ഷൻ നവീകരണപദ്ധതിയും നടക്കും. നിലവിലെ റോഡിന്റെ വീതി പൂർണമായി ഉപയോഗപ്പെടുത്തിയാകും നിർമാണം.
പൈലിംഗ് പ്രവൃത്തികൾ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വിലയിരുത്തി. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്എംഎൽഎ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, പി.എൻ. സുരേന്ദ്രൻ, ഷീല മോഹൻ, എൻ.കെ. പ്രമോദ് കുമാർ, കെ.വൈ. സുമയ്യാബി, എം.എം. മഹേഷ് എന്നിവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.